Thursday, August 19, 2010

സ്കൂള്‍

ണിം.. ണിം.. ണിം.... ചുമരിലെ ക്ലോക്കില്‍ നിന്നും മണിനാദം മുഴങ്ങി കേള്‍ക്കുന്നുണ്ട്. ഒപ്പം കേള്‍ക്കാന്‍ ഏറ്റവും ദേഷ്യം തോന്നുന്ന ഒരു വാചകവും..“ടാ.. മതി ഉറങ്ങിയത് എഴുന്നേല്‍ക്ക്..” മനസ്സില്‍ സൂര്യനെ തെറി വിളിച്ച്, എന്റെഡിറ്റക്റ്റീവ് സസ്പെന്‍സ് ത്രില്ലര്‍ സ്വപ്നത്തിനു ഭംഗം വരുത്തിയ ഉമ്മയെ ശപിച്ച് കണ്ണു തുറന്നപ്പോള്‍ കണ്ട കണി... ഹൊ.. ഞാന്‍ ചെറുതായി ഒന്നു ഞെട്ടി. അലമാരയുടെ മുകളില്‍ തലയും വെളിയിലേക്കിട്ട് എന്നെ നോക്കി ചിരിക്കുന്ന ഒരു ചൂരല്‍. കുറെ നാളായി ഈ പണ്ടാരം ഈ സ്ഥാനത്ത് ഇല്ലായിരുന്നു. ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടതിന്റെ ഗുട്ടന്‍സ് ആലോചിച്ച് എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഇന്ന് സ്കൂള്‍ തുറക്കുന്നു. എല്‍ പി സ്കൂളിലെ സീനിയേഴ്സ് എന്ന പോസ്റ്റില്‍ നിന്നും കുറച്ചു കൂടെ ലോ ലെവര്‍ ആയ, യു പി സ്കൂളിലെ ജൂനിയേഴ്സ് എന്ന പോസ്റ്റിലേക്ക് ഒരു പ്രൊമോഷന്‍. സ്കൂളും ടീച്ചറുമാരും എല്ലാം പുതിയത് ആണെങ്കിലും എവിടെ പോയാലും എന്നെയും കൊണ്ടേ പോവൂ എന്നു ദൃഡപ്രതിജ്ഞ എടുത്ത കുറെ കൂതറ കൂട്ടുകാര്‍ അന്നും എനിക്ക് കൂട്ടായി ഉണ്ടായിരുന്നു.




അങ്ങനെ കെട്ടും ബാണ്ഡവും ഒക്കെ എടുത്ത് ഞാന്‍ യാത്ര പോവാന്‍ റെഡി ആയി. വേറെ എന്തൊക്കെ മറന്നാലും ഒരിക്കലും മറക്കാതെ ചെയ്തു പോന്നിരുന്ന ഭക്ഷണം കഴിപ്പിന്റെ ഇടയില്‍ നമ്മുടെ കൂതറകള്‍ എല്ലാം കൂടെ വീടിന്റെ പടിക്കല്‍ വന്ന് ബഹളം തുടങ്ങി. ആകാശം ഇടിഞ്ഞു വീണാലും ഇത് തീരാതെ ഞാന്‍ വരില്ല എന്നും പറഞ്ഞ് ഞാന്‍എന്റെ പണി തുടര്‍ന്നു. പാത്രം കാലി ആയപ്പോള്‍ ചാടി എഴുന്നേറ്റ് സ്കൂളിലേക്ക് ഓടാന്‍ തുടങ്ങി. ദാണ്ടെ പുറകിന്ന് ഒരു വിളീ.. “കൈ കഴികിയിട്ട് പോടാ..” എന്നാല്‍ പിന്നെ അതായിട്ട് കുറക്കണ്ട എന്ന് വെച്ച് കൈ കഴുകി യാത്രയായി.



സ്കൂളിലോട്ട് എത്തിയതും, പത്താം ക്ലാസ് വരെ ഉള്ള സ്കൂള്‍ ആയതുകൊണ്ട് കണ്ണിനു ഒരു കുളിര്‍മ്മ ഉള്ള കാഴ്ചകള്‍ ആയിരുന്നു ചുറ്റിലും. സ്കൂളിലെ ഏറ്റവും ചെറിയ കുട്ടികള്‍ ആണെന്ന പരിഗണനയില്‍ ഞങ്ങള്‍ സീനിയേഴ്സ് ചേച്ചിമാരുടെ ഇടയില്‍ കിടന്ന് അര്‍മ്മാദിക്കുന്നത് സീനിയേഴ്സ് ചേട്ടന്മാന്‍ അസൂയയോടെയും ദേഷ്യത്തോടെയും നോക്കുന്നത് കാണാം. ആ സമയത്ത് അതാ വരുന്നു നമ്മുടെ കഥാനായിക അമ്മു. ഒന്നാം ക്ലാസു മുതലേ സ്വന്തം ക്ലാസില്‍ ഉണ്ടായിരുന്നിട്ടും ആ പുതിയ യൂണീഫോമില്‍ അമ്മുക്കുട്ടി കാണാന്‍ ഒരു കൊച്ചു സുന്ദരി അയിരുന്നു. അവളെ കണ്ടതും ഞാന്‍ അല്പം സമയം പരിസരത്ത് സം വിക്കുന്നത് എല്ലാം മറന്ന് അങ്ങനെ നിന്നു. പണ്ടു മുതലേ എന്നെയും അമ്മുവിനെയും ചേര്‍ത്ത് സ്കൂളില്‍ കുറച്ച് ഗോസിപ്പുകള്‍ എല്ലാം പരന്നിരുന്നു. അതെല്ലാം കേട്ട് കുറച്ച് ദേഷ്യം അഭിനയിച്ച് ഞാന്‍ ആസ്വദിച്ചിരുന്നു. അന്നത്തെ ആദ്യത്തെ രണ്ട് പിരിഡും അമ്മുവിനെ സ്വപ്നം കണ്ട് അവസാനിപ്പിച്ചു.. ഇതിന്റെ ഇടയില്‍ നാലാം ക്ലാസില്‍ പഠിപ്പിച്ച ഇംഗ്ലീഷ് ഓര്‍മ്മിച്ച് ഒരു കടലാസില്‍ കുത്തികുറിച്ചു “ I LOVE YOU AMMU" ( അതിനെ എന്തോ ലവ് ലെറ്റര്‍ എന്നൊക്കെയാ പറയണത് എന്നു തോന്നുന്നു.)



അങ്ങനെ രണ്ടാം പിരീഡിന്റെ അവസാനം മണിയടിച്ചപ്പോള്‍ ‘ലൌ ലെറ്റര്‍’ പുസ്തകത്തിന്റെ ഇടയിലേക്ക് തിരുകി വെച്ച് ഞാന്‍ ഒന്നു പുറത്തിറങ്ങി. ഈ സമയത്ത് എന്റെ തൊട്ടടുത്ത് ഇരുന്നിരുന്ന കാലമാടന്‍ ആ പേപ്പര്‍ എടുത്ത് കൃത്യമായി അവളുടെ കയ്യിള്‍ തന്നെ കൊടുത്തു ഞാന്‍ തന്നതാണെന്നും പറഞ്ഞു. അവളാണെങ്കില്‍ അത് ഒരു പോറല്‍ പോലും ഏല്പിക്കാതെ ടീച്ചറുടെ കയ്യില്‍ ഏല്പിച്ചു. ഇതൊന്നും അറിയാതെ ഞാന്‍ ക്ലാസില്‍ എത്തിയപ്പോള്‍ എല്ലാവരും എന്നെ നോക്കി ഒരു ആക്കിയ ചിരി... എനിക്ക് ഒന്നും മനസ്സിലായില്ല.. കുറച്ച് കഴിഞ്ഞപ്പോള്‍ എന്നെ അന്വേഷിച്ച് ഓഫീസില്‍ നിന്നും ആളെത്തി.. ഞാന്‍ കൂടെ ചെന്നപ്പോള്‍ എന്റെ ആ “ലൌ ലെറ്ററും“ കയ്യില്‍ പിടിച്ച് ടീച്ചറും കൂടെ തന്നെ അമ്മുവും. അപ്പൊ തന്നെ ടീച്ചര്‍ ചൂരല്‍ എടുത്ത് രണ്ടെണ്ണം തന്നു.അതും പ്രഷ്ടത്തില്‍.. അടിയുടെ വേദനയെക്കാളും അമ്മുവിന്റെ മുന്നില്‍ വെച്ച് അടി കിട്ടിയപ്പോള്‍ ഉണ്ടായ നാണക്കേടായിരുന്നുഎന്നെ വിഷമിപ്പിച്ചത്.

അതിനു ശേഷം എത്രയെത്ര അമ്മുമാര്‍ എത്രയെത്ര ലെറ്ററുകള്‍ കടന്നുപോയി... പക്ഷെ ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു അമ്മുവും എന്റെ ആദ്യപ്രണയവും......



(അമ്മു എന്നത് കഥാനായികയുടെ ശരിയായ പേരല്ല.. ഇനി അതിന്റെ പേരില്‍ അടികൊള്ളാന്‍ വയ്യാത്തതു കൊണ്ടു മാറ്റുന്നതാ... ആരും ഒന്നും വിചാരിക്കരുത്)

No comments:

Post a Comment